ലൈംഗികാതിക്രമം: മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ പരാതിക്കാരി സുപ്രീംകോടതിയിൽ
Photo 2 months ago
2025 ഡിസംബർ 17 ബുധനാഴ്ച
Kuriakose Niranam
ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. പരാതിക്കാരിയുടെ അപ്പീൽ സുപ്രീംകോടതി വൈകാതെ പരിഗണിച്ചേക്കും.കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്.
ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെ കേസിൽ നീലലോഹിതദാസൻ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നീലലോഹിതദാസൻ നാടാരുടെ അപ്പീലിൽ ജില്ലാ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കുകയുംചെയ്തു. ഈ ഉത്തരവിനെതിരേയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു അധികാരസ്ഥാനത്തിരുന്ന വ്യക്തിയാണ് തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്, ഹൈക്കോടതി വിധിയിൽ ചില പിഴവുകളുണ്ടായിട്ട് തുടങ്ങിയ കാരുങ്ങളാണ് പരാതിക്കാരി അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Leave a Comment
Your email address will not be published.