H
Photo 7 months ago
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം തന്നെ ഉണ്ടായേക്കാമായിരുന്നുവെന്നും ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്നും വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തൃശ്ശൂര്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറി താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
നിലമ്പൂരിന്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ദൈവനാമത്തിലാണ് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും പക്ഷേ മോദിയുടെ മുന്നിലെത്തുമ്പോള്‍ മുട്ടുവിറയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമൊക്കെ എവിടെപ്പോയിയെന്നും എന്തിനാണ് തൃശ്ശൂര്‍ പൂരം കലക്കിയതെന്നും തൃശ്ശൂരില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം അര്‍ഹതപ്പെട്ട കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിയില്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചര്‍ച്ച നടന്നത്. അതുകൊണ്ടാണ് കൂടുതല്‍ സീറ്റ് കിട്ടാതിരുന്നത്. പാര്‍ട്ടിയേയും ഇടതു മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടറായുള്ള വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൂംബാ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സൂംബാ ഡാന്‍സ് വാമിംഗ് അപ്പ് മാത്രമാണെന്നും അത് അടിച്ചേല്‍പ്പിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എതിര് പറയുന്നവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
സുംബ ഡാന്‍സ് സാംസ്‌കാരിക ബോധത്തിന് എതിരാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ലീഗ് വിഷയം പഠിച്ചുവരുന്നേയുള്ളൂവെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഫലമുണ്ടായെന്നും സലാം പറഞ്ഞു
സൂംബാ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. ആണും പെണ്ണും ഒരുമിച്ച് ആണ് ഡാന്‍സ് നടക്കുന്നതെന്നും കുട്ടികളെ ചെറുപ്പത്തില്‍ ഇങ്ങനെ ഇടകലരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും എല്ലാവരും പങ്കെടുക്കണം എന്ന് പറയുന്നത് തെറ്റാണെന്നും സുംബ പരിശീലനം പൂര്‍ണമായി ഉപേക്ഷിക്കണമെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.
ക്യാപ്റ്റന്‍- മേജര്‍ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. താനൊരു സാധാരണ സൈനികനാണെന്ന് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
ജനാധിപത്യത്തില്‍ ക്യാപ്റ്റന്‍ എന്ന പ്രയോഗം അശ്ലീലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രാഷ്ട്രീയത്തില്‍ എന്തിനാണ് ക്യാപ്റ്റെന്നും രാഷ്ട്രീയത്തില്‍ ക്യാപ്റ്റന്മാരില്ലെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ജനങ്ങളാണ് ക്യാപ്റ്റെന്നും അതിന്റെ പിന്നില്‍ അണിനിരക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
നിലമ്പൂരില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫ് വര്‍ഗ്ഗീയ പ്രചാരണം നടത്തി. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാത്തത് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ പോറലില്ലാതെ ശക്തിപ്പെട്ട് നില്‍ക്കുകയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ വി.എ. അരുണ്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.
ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍ എസ് എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിക്കിടക്കുന്നതും തീര്‍പ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്‍വറിന്റെ സഹായമില്ലാതെയാണ് നിലമ്പൂരില്‍ ജയിച്ചതെന്ന് റോജി എം ജോണ്‍ വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതിയില്‍ ഭൂരിപക്ഷം നേതാക്കളും അന്‍വറിനായി വാതില്‍ തുറക്കേണ്ടെന്ന നിലപാടെടുത്തതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇക്കാര്യത്തിലെ നിലപാടിന് പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ നേടാനായി.
സാഹിത്യ അക്കാദമി പുരസ്‌കാരം സിപിഎം നേതാവ് എം സ്വരാജ് നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി. എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് വേണ്ടി പുസ്തകം അയച്ചു നല്‍കിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ വിശദീകരിച്ചു. സ്വരാജ് നിരസിച്ച പുരസ്‌കാരം ഇത്തവണ കൊടുക്കില്ലെന്നും രണ്ടാം സ്ഥാനക്കാരന് കൊടുക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘര്‍ഷമേഖലയില്‍ നിന്ന് ജൂണ്‍ 18 മുതല്‍ 26 വരെ സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ നാട്ടിലെത്തിയത് 67 പേരാണ്.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുന്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കുമെന്നും യുഡിഎഫ് പ്രവേശന വിഷയം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ലെന്നും തന്നോട് ആരും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്‍വര്‍ ഇന്നലെ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ മാതൃകാപരമായ ഇടപെടലാണ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ചെന്നിത്തല നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചെന്നും മന്ത്രി വിവരിച്ചു.
പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ സ്വദേശി അജയനാണ് മരിച്ചത്. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റെന്ന് അജയ് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയേന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നല്‍കിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.
സ്വതന്ത്ര സമര ഭടന്മാരെ കുറിച്ച് ഫയല്‍ ശേഖരത്തിലുള്ള വിവരങ്ങള്‍ നശിച്ചു പോകാതിരിക്കാന്‍ തദ്ദേശ – റവന്യൂ വകുപ്പുകള്‍ അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം നിര്‍ദ്ദേശിച്ചു.തിരൂരങ്ങാടി ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല വിവരാവകാശ കമ്മിഷന്‍ സിറ്റിംഗില്‍ സംസാരിക്കവെയാണ് വിവരാവകാശ കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊയിലാണ്ടി കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മൂന്നിന് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്‌ളാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് നടപടി.
കൂത്താട്ടുകുളം പാലക്കുഴയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കില്‍ കെവിന്‍ (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിന്‍ കുളത്തില്‍ മുങ്ങി പോവുകയായിരുന്നു.
കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോണ്‍ ദമ്പതികളുടെ മകന്‍ റെസിന്‍ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂര്‍ – നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യന്‍ചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചത്.
കിളികൊല്ലൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെക്കുന്നു. വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 550-ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയിലെ വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാങ്കിന്റെ സീനിയര്‍ മാനേജരായ വിജയകുമാര്‍ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖര്‍ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗര്‍ സ്വദേശി സുനില്‍ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്.
മായം കലര്‍ന്ന ഡീസലടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി വഴിയില്‍ കിടന്നു. ഡീസല്‍ നിറച്ച മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പിലെ ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. പമ്പുടമയുടെയും മാനേജരുടെയുംപേരില്‍ കേസെടുത്തു. അതേസമയം കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു.
ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020-2025-ലെ മാനേജ്‌മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്. 92.97 % മാര്‍ക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി അംബേദ്കര്‍ വിഭാവനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സില്‍ കുറിച്ചു.
മദ്രാസ് ഐഐടിയില്‍ 20കാരിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാംപസിലൂടെ തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വീഴ്ത്തിയതിന് ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവതിക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമ സഹായവും നല്‍കുന്നുണ്ടെന്ന് ഐഐടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ ലോ കോളേജിനകത്ത് നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ നേതാവാണ്. മമത ബാനര്‍ജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ഇവരില്‍ 10 പേര്‍ ആഹാരത്തിനായി കാത്തുനിന്നവരാണ്. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലിന് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദം. വിശദമായ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ ഉണ്ടായേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുടെ ഭരണം നാലു അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ആക്കുക എന്ന നിര്‍ദേശം പരിഗണനയിലുണ്ട്.
അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധിനല്‍കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന ജറുസലേം ജില്ലാകോടതി തള്ളിക്കളഞ്ഞു.
നെതന്യാഹുവിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.
യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണമെന്നും അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍-19 ടീമിന് മിന്നും ജയം. 175 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 19 പന്തില്‍ 48 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, 45 റണ്‍സെടുത്ത അഭിഗ്യാന്‍ കുന്ദ് എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയിച്ചത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ 174 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
Leave a Comment
Your email address will not be published.