സംസ്ഥാനത്ത് 31 വരെ അതിശക്ത മഴ തുടരാന്‍ സാധ്യത

Photo 8 months ago

banner

2025 May 29 വ്യാഴാഴ്ച.

by Kuriakose Niranam 

സംസ്ഥാനത്ത് 31 വരെ അതിശക്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ അതിതീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ടാണ് മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലെര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും.

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്ടിലും എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിൽ തൊഴിലുറപ്പ് ജോലികള്‍ക്ക് നിരോധനം.

പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കി. ഇക്കാലയളവില്‍ തൊഴിലുറപ്പ് ജോലികള്‍ക്കും നിരോധനമുണ്ട്. എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. ജൂണ്‍ ഒന്നു വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല. അന്‍വറുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.

അൻവറിനെ പിന്തുണച്ച് കെ.സുധാകരന്‍.

പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായം. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. 

അൻവർ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിര്‍ദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം. 

പിവി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍. 

നിലമ്പൂരില്‍ പിവി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍. നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും എന്ന് എഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷയെന്നും ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോര്‍ഡ് വച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍.

പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 519 കേസുകളാണുള്ളത്.

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ.

സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോള്‍ നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. 

സ്‌കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2024-2025 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണ്ണയ പ്രകാരമുള്ള അധിക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മേഖലയിലെ 552 സ്‌കൂളുകളിലായി 915 അധിക തസ്തികകള്‍ അനുവദിച്ചു. 658 എയ്ഡഡ് സ്‌കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്.

കപ്പല്‍ മുങ്ങിയ സംഭവത്തില്‍  കേസെടുത്തേക്കും. 

കൊച്ചിയുടെ പുറങ്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തേക്കും. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. കപ്പല്‍ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേര്‍ത്ത് കോസ്റ്റല്‍ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.

കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി 

കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ – കള്ളാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് ഇതോടെ അനുമതി ലഭിച്ചിരിക്കുന്നത്.

വൈദ്യുതി ബിൽ കുറയും.

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും. ഇതോടെ പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തോട് അനുമതി തേടാന്‍ കേരളം.

സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തോട് അനുമതി തേടാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. 

മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് രൂപേഷിനെ കഴിഞ്ഞ ദിവസം ത്യശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം തുടരുകയാണ്.

നിയമപരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.

വായ്പാ സഹകരണ സംഘങ്ങളില്‍ മൂന്ന് തവണ തുടര്‍ച്ചയായി ഭരണ സമിതി അംഗങ്ങളായവര്‍ക്ക് മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാനുള്ള അവകാശം സഹകരണ നിയമപ്രകാരമായതിനാല്‍ നിയമ ഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാന്‍ നിയമസഭയക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ച്ചയായി ഒരു വ്യക്തി അതേ പദവിയില്‍ തുടരുന്നത് ക്രമക്കേടുകള്‍ക്ക് കാരണമാവുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 

കേരളതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. 

നിലമ്പൂരിൽ സ്ഥാനാര്‍ത്ഥിയെ  എസ്ഡിപിഐ. പ്രഖ്യാപിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. എസ്ഡിപിഐ മലപ്പുറം ഉപാധ്യക്ഷന്‍ അഡ്വ. സാദിഖ് നടുത്തൊടിയായിരിക്കും മത്സരിക്കുകയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വടകര ദേശീയപാതയുടെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം. 

വടകര ദേശീയപാതയുടെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്.കുഴി രൂപപ്പെട്ടതിന് പിന്നാലെ ദേശീയപാതയില്‍ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.

വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നവകേരള സദസില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. 

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി.

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഖില്‍ മാരാര്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് ഉദിത് രാജ് പരിഹസിച്ചു. 

ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്.

ഐഎഎസ് ഓഫീസറെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്. കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരാന്നുമിനെയാണ് ബിജെപി എംഎല്‍സി എന്‍ രവികുമാര്‍ അധിക്ഷേപിച്ചത്. രവികുമാര്‍ കലബുറഗിയില്‍ റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.കലബുറഗിയിലെ സ്റ്റേഷന്‍ ബസാര്‍ പൊലീസ് രവി കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചു

ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു.

എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യാതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മോഹന്‍ ബഗാന്‍ താരമായ ആഷിക് കുരുണിയനാണ് ഇരുപത്തിയെട്ടംഗ ടീമിലെ ഏക മലയാളിതാരം. കൊല്‍ക്കത്തയില്‍ നടന്ന ഒരാഴ്ചത്തെ പരിശീലന ക്യാംപിന് ശേഷമാണ് ജൂണ്‍ പത്തിന് ഹോങ്കോംഗിനെ നേരിടാനുള്ള ടീമിനെ കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്‌തേ, ഉദാന്ത സിംഗ്, ലിസ്റ്റണ്‍ കൊളാസോ, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.

ഐ പി എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.

ഐ പി എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മൊഹാലിയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്കെത്തുബോള്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലേക്കെത്താന്‍ ഒരവസരംകൂടി ലഭിക്കും.

Related News (5)


Leave a Comment

Your email address will not be published.